വാദം
"ഞാൻ സുജാതൻ, ഈ ആല് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്", അയാൾ ഒന്നു നിറുത്തി.
ആലിൻ ചുവട്ടിലെ പ്രമുഖനായ വിജയനെ നോക്കി ചോദിച്ചു "നിനക്ക് ഓർമ്മയുണ്ടോ? ആറാം ക്ളാസ്സിലെ സുശീല ടീച്ചർ പമ്പരമിഠായി കൊണ്ടുവന്നതിന് എന്നെ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടത്?" സുജാതൻ പ്രതീക്ഷയോടെ വിജയനെ നോക്കി.
"ആവൊ", തികഞ്ഞ നിസ്സംഗതയോടെ വിജയൻ മുഖം ചുളിച്ചു. അയാൾക്കു ആറാം ക്ളാസ്സിൽ പഠിച്ചതോ, സുശീല ടീച്ചറിനെയോ ഓർമ്മവന്നില്ല.
അത് വകവയ്ക്കാതെ സുജാതൻ തുടർന്നു , "ക്ളാസ്സിൽ നിന്ന് പുറത്തായ ഞാൻ ചുറ്റിക്കറങ്ങി കവലയിലെ ഇലവ് മരത്തണലിൽ നിൽക്കുമ്പോഴാണ് ആദ്യമായി ഇതിനെക്കണ്ടത്. അന്ന് ഇത് ഒരു ചെറിയ ചെടിയായിരുന്നു. എനിക്ക് വേറെ പണിയൊന്നും ഇല്ലാതിരുന്നതിനാൽ ഇതിനു ചുറ്റും ഞാൻ കുറെ കല്ലുകൾ പെറുക്കി വച്ചു." അയാൾക്കൊഴികെ ആലിൻ ചുവട്ടിലിരുന്ന ആർക്കുംതന്നെ അതൊരു വലിയ സംഭവമായി തോന്നിയില്ല. ഇലവ്മരം മുറിച്ചു കൊടിമരമുണ്ടാക്കിയ സഖാവിനിൻറെ മകന് പോലും.
ആൽമരത്തിന്റെ തടിയിലെ പൊത്തുകളിലൂടെ കണ്ണോടിച്ചു അയാൾ കുറച്ചു നേരം ഓർമ്മയിലാണ്ടു . ആ ഓർമ്മകൾ ആ സദസ്സിൽ പറയാതിരുന്നതിന് അയാൾക്ക് ഒരു കാരണമുണ്ടായിരുന്നു. അര മൈൽ ദൂരെയുള്ള വീട്ടിൽ നിന്നും എന്നും തിരക്കിട്ടു നടന്നു വന്നു അര മണിക്കൂർ തന്റെ യൗവ്വന പ്രസരിപ്പോടു കൂടി ആ ആൽത്തണലിൽ കാത്തിരിക്കാറുണ്ടായിരുന്ന കാലത്തെകുറിച്ചാണ് അയാളുടെ ഓർമ്മകൾ പോയത്. മുടിയിൽ റോസാപ്പൂവും കൈയിൽ റബ്ബർ ബാന്റിട്ട പുസ്തകങ്ങൾക്ക് മുകളിൽ സൂക്ഷമതയോടെ പിടിച്ച സ്റ്റീൽ ചോറ്റുപാത്രവുമായി മന്ദാകിനി ഇവിടെയായിരുന്നു അക്കാലത്തു ബസ്സ് കാത്തു നിന്നിരുന്നത്. നഗരത്തിലെ കോളേജിൽ പഠിക്കുന്ന മന്ദാകിനി അയാളേക്കാൾ നാല് വയസ്സ് ഇളപ്പമായിരുന്നു. ഒരിക്കൽ പോലും അവൾക്കു കൊടുത്തിട്ടില്ലെങ്കിലും, അവൾക്കായി അയാൾ ഉറക്കമിളച്ചു തയാറാക്കിയ പ്രേമലേഖനങ്ങളെല്ലാം ആലിന്റെ പൊത്തുകളിൽ നിക്ഷേപിക്കുക അന്നൊക്കെ അയാളുടെ ഒരു ശീലമായിരുന്നു. മന്ദാകിനി ഇന്ന് വിജയൻറെ സഹധർമ്മിണി ആയതുകൊണ്ട് ആ ഓർമ്മ തല്ക്കാലം പുറത്തെടുത്ത് തന്റെ തടി കേടാക്കേണ്ട എന്ന് അയാൾ തീരുമാനിക്കുകയായിരുന്നു.
പാരലൽ കോളേജിൽ സുകുമാരൻ സാർ വാണിജ്യ ശാസ്ത്രപ്രകാരം വിളമ്പിക്കൊണ്ടിരുന്ന അസ്സറ്റും ലയബിലിറ്റിയും റ്റാലിയാകാതിരുന്ന ഭീകര ദിനങ്ങളിൽ താൻ അഭയം പ്രാപിച്ചിരുന്നത് ആ ആൽത്തണലിനെയാണെന്ന് നന്ദിപൂർവ്വം അനുസ്മരിക്കുന്നത് അയാൾ സുരക്ഷിതമായി കണ്ടു. കൂടാതെ തന്നെപ്പോലെ അനവധി ആളുകൾ ജീവിതസാരം കണ്ടെത്തുന്നതിനായി ആൽച്ചുവടിനെ അഭയമായി കണ്ടിരുന്നു എന്ന് സാക്ഷ്യപ്പെടുത്താനും അയാൾ മടി കാണിച്ചില്ല.
ആളുകളെ കൈയിലെടുക്കുന്നതിനായി, വലിയ വലിയ ക്ഷേത്രങ്ങളിൽ ആലുകൾക്ക് തറകെട്ടി സംരക്ഷിക്കുന്ന കാര്യവും, ആലുകൾ ഓസോൺ ബഹിർഗമിപ്പിച്ചു ലോകത്തെ പുളകിതമാക്കുന്ന വിവരവും അയാൾ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ഇത്തരം ഒരു സാഹസത്തിൽ ഏർപ്പെടുമ്പോൾ അദ്ദേഹത്തിനെ ഹൃദയം തന്റെ ലോകവിവരത്തിൽ അല്പവും അഹങ്കരിച്ചിരുന്നില്ല എന്ന് പറയുന്നത് പൂർണ്ണമായും സത്യമല്ല.
ഇത്രയുമായപ്പോൾ ആലിന്റെ കൊമ്പിലിരുന്ന ഒരു കാക്ക ഒരു പണി പറ്റിച്ചു! അത് സുജാതന്റെ തിരുനെറ്റിയെ ലക്ഷ്യമാക്കി കാഷ്ഠിച്ചു, മുജ്ജന്മ സുകൃതംകൊണ്ട് അത് അയാളുടെ നട്ടുച്ചിയിലാണ് പതിച്ചത്. ഒരു നിമിഷം അന്ധാളിച്ചെങ്കിലും, ഉച്ചിയിലെ ചൂടിൽ വിരലുകൾ ഓടിച്ച അയാൾക്ക് കാര്യത്തിൻറെ നിജസ്ഥിതി മനസ്സിലായി.
കൂട്ടത്തിൽ ഒരു വിദ്വാൻ "കാക്കക്കറിയാം കക്കൂസെവിടെയാണെന്ന്" എന്ന സ്ഥിരം ഫലിതം പ്രയോഗിക്കുകയും, അവിടെ കൂടിയിരുന്ന പുരുഷാരം ഒന്നാകെത്തന്നെ അത് ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്നതായി ഭാവിക്കുകയും ചെയ്തു (എല്ലാവരും ആ തമാശ ആസ്വദിച്ചോ എന്നത് ഇപ്പോഴും ഒരു ചോദ്യമാണ്).
ഇതിനിടെ സുജാതൻ കാഷ്ഠത്തിന്റെ ഉറവിടമായ കാക്കയെ കണ്ടെത്തി. അത് ഒരു കണ്ണുകൊണ്ട് അയാളെ ആരാധനയോടെ നോക്കുകയായിരുന്നു. അയാൾ അതിനെ കണ്ടു എന്ന് ഉറപ്പായ ഉടനെ അത് മറ്റൊരു കൊമ്പിലേക്ക് മാറിയിരിക്കുകയും തലചരിച്ചു താഴെ നടക്കുന്ന യോഗ നടപടികൾ സസൂക്ഷ്മം വീക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
കാക്ക തന്റെ ആത്മാർത്ഥതയെ പ്രകീർത്തിക്കുകയായിരുന്നെന്നും
പ്രതിവാദം
സ്വതസിത്ഥമായ പുച്ഛത്തോടെ മറുപടി പറയുവാൻ എഴുന്നേറ്റ വിജയൻ ആലിന്റെ കൊമ്പുകൾ ഒടിഞ്ഞു വീണാലുണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചാണ് ആദ്യം വാചാലനായത്. ആലിന്റെ കൊമ്പ് ഒടിഞ്ഞു വീഴുന്നത് അയാളോ, അവിടെ കൂടിയിരുന്ന ആരും തന്നെയോ അതിന് മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. എങ്കിലും, അതൊരു പ്രധാന സാമൂഹിക പ്രശ്നമാണെന്ന് എല്ലാവരും കരുതുന്നതായി, സുജാതാനൊഴികെയുള്ളവരുടെ ഗൗരവമുഖഭാവം സൂചിപ്പിച്ചു.
ചില ലഹരിക്കടത്ത് സംഘങ്ങൾ രാത്രിയുടെ മറവിൽ ആലിന്റെ പോത്തുകളെ പൊതികൾ കൈമാറുന്നതിന് ഉപയോഗപ്പെടുത്തുന്നു എന്ന് വിജയൻ പറഞ്ഞപ്പോൾ സുജാതന്റെ നെഞ്ചിടിപ്പ് ചെറുതായൊന്നു കൂടിയെങ്കിലും പേര് വയ്ക്കാത്ത തന്റെ കത്തുകൾ ലഹരിപ്പിള്ളേർ വായിച്ചുകാണുമോ എന്നോർത്തപ്പോൾ ഉണ്ടായ ജാള്യത മാത്രമേ അയാളിൽ അവശേഷിച്ചുള്ളൂ. എന്തായാലും കൂടിയിരുന്ന ആരും തന്നെ സാമൂഹ്യ വിപത്തിനെ കാര്യമായെടുത്തില്ല എന്ന് മനസ്സിലാക്കി അയാളും അത് കേട്ടില്ല എന്ന് നടിച്ചു.
അതിന് ശേഷം വിജയൻ അദ്ദേഹം കടന്നത് ആലിന്റെ ചില്ലകൾ വൈദ്യുതി കമ്പികളിൽ തട്ടുന്നത് മൂലമുണ്ടാകുന്ന ഇന്ധനനഷ്ടത്തിലേക്കാണ്. പ്രസരണനഷ്ടം കുറയ്ക്കുക വഴി ഇന്ധന ലഭ്യത കുറഞ്ഞ ചിലവിൽ ലഭ്യമാക്കാനുള്ള ഭരണകൂടത്തിന്റെ ആത്മാർത്ഥ ശ്രമങ്ങൾക്ക് ഒരു പ്രധാന വിഘാതം ആലാണെന്ന് സദസ്സിന് ബോധ്യപ്പെട്ടു. എല്ലാവരും പുരികങ്ങൾ ഉയർത്തി അതിശയം പ്രകടിപ്പിച്ചുകൊണ്ട് ആ വാദം അംഗീകരിച്ചു.
പിന്നീടാണ് ആ മഹാൻ എല്ലാവരെയും കോരിത്തരിപ്പിക്കുന്ന വികസനരംഗത്തേക്ക് കടന്നത്.
ആലിന് ചുറ്റുമുള്ള ഒരു പത്തു പതിനഞ്ച് വീടുകളിലെങ്കിലും അതിന്റെ കാറ്റും തണലും ലഭിക്കുന്നുണ്ട്. അനാവശ്യമായ അളവിൽ ശുദ്ധവായു കിട്ടുന്നത് കാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചുറ്റുവട്ടത്തെങ്ങും ഇല്ല എന്ന് തന്നെ പറയാം!
"കേൾക്കുമ്പോൾ സാധാരണമായി തോന്നുന്ന ഈ കാര്യങ്ങൾ മൂലം സമ്പത്തിന്റെ ഒഴുക്ക് എത്രമാത്രം തടസ്സംപ്പെടുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?" പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്ന് കര കയറിയ സദസ്സ് സാകൂതം ചെവി കൂർപ്പിച്ചു.
ഫാൻ, എയർ കണ്ടീഷണർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കാനുള്ള സുവർണ്ണാവശ്യം നമുക്കില്ലാതാകുന്നത് മൂലം അവ വിൽക്കുന്നതിനും അവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള സ്ഥാപനങ്ങളുടെ ആവശ്യം കൂടിയാണ് ഇല്ലാതാകുന്നത് എന്ന് വിജയൻ പ്രഖ്യാപിച്ചു.
പൊതുവിൽ ആൾക്കൂട്ടം ആവേശഭരിതരായി എന്ന് മനസ്സിലാക്കിയ വിജയൻ ആരോഗ്യ രംഗത്തിലേക്ക് കടന്നു.
അസുഖങ്ങളുടെ കുറവിനാൽ ഒരു നല്ല ആശുപത്രി പോലും നമുക്കിവിടെയില്ല. മിക്കവാറും പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് മാത്രമാണ് നമ്മൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പോകുന്നത്. അതും ജനപ്രതിനിധികളുടെ നിർബന്ധം സഹിക്കവയ്യാതെ. പൊതുവിൽ നമുക്ക് ആരോഗ്യ ബോധവും ആധുനിക ചികിത്സാ സൗകര്യങ്ങളും കുറവാണ്. ഈയടുത്ത് പട്ടണത്തിൽ ശീതീകരിച്ച ആശുപത്രിയിൽ തന്റെ അകന്ന ബന്ധുവിനെ കാണാൻ പോയ കഥ വിജയൻ സാന്ദർഭികമായി സൂചിപ്പിച്ചു. ശ്വാസകോശ രോഗങ്ങളിലെ വർധന തീർച്ചയായും നല്ല ഒരു ആശുപത്രി ലാഭകരമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
"ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ ഉന്നമനത്തിനായി ചില റിസ്കുകൾ ഒക്കെ നമ്മൾ എടുക്കണ്ടേ ?" വിജയൻറെ ആ ശക്തമായ ചോദ്യം ലോല ഹൃദയരായ പലർക്കും നെഞ്ചുവേദന പോലുമുണ്ടാക്കി.
അങ്ങിനെ, പലതരത്തിൽ വരേണ്ടിയിരുന്ന നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ, ചരക്ക് ഗതാഗതത്തിലുണ്ടാകുന്ന വർദ്ധനമൂലം ഉണ്ടാകേണ്ടിയിരുന്ന സാമ്പത്തിക ഉന്നമനം, പുതിയ ഉദ്യോഗസ്ഥർ കാരണമുണ്ടാകേണ്ടിയിരുന്ന വാടക, വസ്തുകച്ചവട സാധ്യതകൾ! “ഹോ”, എല്ലാവരാലും ഒരുമിച്ച് നെടുവീർപ്പിട്ടു.
നമ്മുടെ റോഡുകൾ ഒറ്റവരിയാണ്, ഒരു ട്രാൻസ്ഫോർമർ ഉള്ളത് അടുത്തഗ്രാമത്തിലാണ്. ഗതാതഗതത്തിലും വൈദ്യുതി ഉപയോഗത്തിലും ഉള്ള വർദ്ധന, ഇതൊക്കെ മാറ്റി മറിക്കും. തന്റെ പ്രവചനാത്മകമായ വാക്കുകൾ കൊണ്ട് വിജയൻ ആ ജനതയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു.
വികസന രംഗത്തുണ്ടാകേണ്ട വമ്പിച്ച കുതിച്ചു ചാട്ടത്തിന് കുറുകെയാണ് ആലിന്റെ നിൽപ്പ് എന്ന് മനസ്സിലാക്കിയ ജനം അതിനെ ദേഷ്യത്തോടെ സൂക്ഷിച്ചു തുറിച്ചു നോക്കി. സാമ്പത്തിക രംഗത്ത് ചൈനയുമായി നിലനിൽക്കുന്ന പോരിൽ നമ്മുടെ ചെറു ഗ്രാമത്തിന് നൽകാവുന്ന ചെറുതല്ലാത്ത സംഭാവന മനസ്സിലാക്കിയ ചില ദേശഭക്തർ എഴുന്നേറ്റു നിൽക്കുക വരെ ചെയ്തു.
വലിയ കാര്യങ്ങൾക്കിടയിലും ചില ചെറിയ കാര്യങ്ങൾ വിട്ടുകളയാൻ വിജയൻ ഒരുക്കമായിരുന്നില്ല.
ആല് ഉണ്ടാക്കുന്ന ശുചീകരണ പ്രശ്നങ്ങളായിരുന്നു അവ. ഉണങ്ങിയ ഇലകൾ, പക്ഷി കാഷ്ഠം, കാക്ക കൊണ്ടിടുന്ന ഭക്ഷണ അവശിഷ്ടം. രണ്ടു ശുചീകരണ തൊഴിലാളികൾ ഉണ്ടായിട്ടുകൂടി എത്ര വൃത്തിഹീനമാണ് നമ്മുടെ പരിസരം! സാമ്പത്തികമായി നട്ടം തിരിയുന്ന പഞ്ചായത്തിന് ഇത് ഒരു ബാദ്ധ്യതയാണെന്ന് പറയുമ്പോൾ, കൂട്ടത്തിലുണ്ടായിരുന്ന ഒരു ശുചീകരണ തൊഴിലാളിയുടെ മുഖത്തു നോക്കാതിരിക്കാൻ വിജയൻ പ്രത്യേകം ശ്രദ്ധിച്ചു.
ചെരുപ്പൂരി ഇട്ടിരുന്ന പലരും ചെരിപ്പിടുകയും, ചുറ്റുപാടും നോക്കി പറഞ്ഞതിൽ കാര്യമുണ്ട് എന്ന് കുശുകുശുക്കുകയും ചെയ്തു.
സുജാതനോട് അൽപ്പം ദയ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു: "വലിയ അമ്പലപ്പറമ്പുകളിലും മറ്റും ആലുകൾ തറകെട്ടി സംരക്ഷിച്ചിരിക്കുന്നത് നല്ലതാണ്. ആർഷഭാരത സംസ്കാരത്തിൽ ആലുളകൾക്കുള്ള സ്ഥാനം നാം അംഗീകരിക്കുന്നതിനാലാണത്, എപ്പോൾ വേണമെങ്കിലും നമുക്ക് അത്തരം സ്ഥലങ്ങളിൽ പോയി അവയെ വണങ്ങുകയും സെൽഫി എടുക്കുകയും ചെയ്യാമല്ലോ?". "അത്തരം സ്ഥലങ്ങളിൽ ആലിന് കിട്ടുന്ന പരിപാലനമൊന്നും, നമുക്ക് ഈ കവലയിൽ കൊടുക്കാൻ കഴിയുകയുമില്ല" അയാൾ കൂട്ടിച്ചേർത്തു.
ഇത്രയുമായപ്പോൾ കാക്ക പറന്നുയർന്ന് ഒന്ന് വട്ടം കറങ്ങി. തിരികെ വന്ന് അവശേഷിച്ചത് എന്ന് തോന്നിയ ഒരു ആലിൻ കായയും കൊത്തി തിരിഞ്ഞു നോക്കാതെ എങ്ങോട്ടോ പറന്നുപോയി. അത് ഉയരത്തിൽ നിന്ന് ഏതെങ്കിലും ഒരു അമ്പലപ്പറമ്പൊ, റിസേർവ് ഫോറെസ്റ്റോ കണ്ടിരിക്കാമെന്ന് സുജാതൻ സമാധാനിച്ചു.
അയാൾ പതിയെ എഴുന്നേറ്റ് ആലിൻ തടിയിൽ തലോടി. നിർവ്വികാരമെങ്കിലും "സുഹൃത്തേ, നിന്റെ പേര് സുജാതൻ എന്ന് തന്നെ" എന്ന് അത് പറയുന്നത് പോലെ!
ശേഷം
"സാർ, ആലിൻമൂട് എത്തി, ഇറങ്ങുന്നില്ലേ?", കണ്ടക്ടർ തട്ടി വിളിച്ചു. മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന അയാൾ ചുറ്റും കണ്ണോടിച്ചു. ഒരു നിമിഷം, ചിന്തയിൽ എന്തെല്ലാമോ മിന്നി മറഞ്ഞു. കാലം ഒരുപാട് ഒഴുകിയോ? തന്റെ ആല് നിന്ന സ്ഥലത്തു ഒരു കൂട്ടം തൂണുകൾ, ഓരോന്നും ട്രാഫിക് സിഗ്നൽ, എ ഐ ക്യാമറ, കേബിൾ, കൊടികൾ തുടങ്ങി എന്തൊക്കെയോ താങ്ങുന്നു. വിജയ് സൂപ്പർ സ്റ്റോഴ്സ്, മന്ദാകിനി ഹെൽത്ത് അങ്ങനെ തിളങ്ങുന്ന ബോർഡുകൾ! കണ്ടക്ടർ പറഞ്ഞില്ലെങ്കിൽ കവല തനിക്കു മനസ്സിലാവുകയില്ലായിരുന്നു.
പോക്കറ്റിൽ നിന്നും കിട്ടിയ നോട്ടെടുത്ത് ക്ഷമയോടെ നിന്ന കണ്ടക്ടർക്ക് നേരെ നീട്ടികൊണ്ട് അയാൾ പറഞ്ഞു: "ക്ഷമിക്കണം സർ, സ്ഥലം മാറിപ്പോയി, ഒരു കിഴക്കേകോട്ട".
തിരക്കേറിയ കിഴക്കേകോട്ട ബസ്സ്റ്റാൻഡിലെ ആളൊഴിഞ്ഞ ബെഞ്ചിൽ മുകളിലേക്ക് ലക്ഷ്യമില്ലാതെ നോക്കികിടക്കുമ്പോൾ ഒരിക്കൽപോലും ആലിനെകണ്ടിട്ടില്ലാത്ത ഒരു അന്ധഗായകന്റെ പാട്ട് ഒഴുകി വന്നു "ആലിലക്കണ്ണാ, നിന്റെ മുരളിയിൽ...".
അസ്വസ്ഥനായ സുജാതൻ അൽപ്പം സ്വസ്ഥതക്കായി സ്മാർട്ട് ഫോണിൽ പരാതി, ഒരു ശ്രേഷ്ഠഗുരു ശീതീകരിച്ച ആശ്രമത്തിലെ തന്റെ സ്റ്റുഡിയോയിൽ തകർത്തടുക്കുകയാണ്.
"ഈ പ്രപഞ്ചം തലകീഴായ ഒരു ആൽമരം പോലെയാണ്! എല്ലാത്തിനും ഒരു കാരണം ഉണ്ട്, കാരണം മൂലം കാര്യം സംഭവിക്കുന്നു! അതങ്ങനെ ആൽമരത്തിന്റെ ചില്ലകൾ പോലെയും വേരുകൾ പോലെയും വികസിച്ചുകൊണ്ടിരിക്കുന്നു!".
തൻറെ ആൽമരം ഇല്ലാതായതിൻറെയും താൻ കിഴക്കേകോട്ടയിലെ എത്തിയതിന്റെയും രഹസ്യം മനസ്സിലാക്കിയതിന്റെ സന്തോഷത്തിൽ അയാൾ ഉറക്കത്തിലേക്കു വഴുതി വീണു.
ശുഭം.
NB: സൃഷ്ടി 2024 ന് വേണ്ടി എഴുതിയത്, https://srishti.prathidhwani.org/
No comments:
Post a Comment