Friday, April 25, 2025

ശാസ്ത്രം, സമൂഹം, ഗാന്ധി: കവി, വി. മധുസൂദനൻ നായർ

ഏപ്രിൽ 25: സാംസ്‌കാരിക സന്ധ്യയെ ധന്യമാക്കിക്കൊണ്ട് പ്രശസ്ത കവി വി. മധുസൂദനൻ നായർ സർ നടത്തിയ പ്രഭാഷണത്തിൽ നിന്നും കിട്ടിയ ചെറു ശകലങ്ങൾ.

സംസ്കാരം സമൂഹത്തെ, മനുഷ്യനെത്തന്നെയും അരിച്ചെടുക്കുന്ന ഒരു പ്രക്രിയയാണ്. അത് ശാസ്ത്രീയമായ ഒരു പ്രക്രിയയാണ്. അതുകൊണ്ടു തന്നെ സംസ്കാരവും ശാസ്ത്രവും ഒന്ന് തന്നെയാണ്! നമുക്ക് അതിലേക്ക് വരാം.

ഇവിടെ സ്വാഗതം ആശംസിക്കുവാനായി നൽകിയ പനിനീർ പൂവിതളുകൾ സ്പർശിച്ചപ്പോൾ ഞാൻ ചിന്തിച്ചത് അതിലെ ശാസ്ത്രത്തെ കുറിച്ചാണ്. വൈകാരികമായി പനിനീർ പൂവിനെപ്പറ്റി എനിക്ക് സംസാരിക്കാം, എന്നാൽ ശാസ്ത്രീയമായി അതിനെ അപഗ്രഥിക്കാൻ ഞാൻ ആളല്ല. എങ്കിലും, ഈ  പനിനീർ പൂവിന്റെ ഇതളുകൾ മുഴുവൻ ശാസ്ത്രമാണ്, പരാഗണ ധർമത്തിന്റെ ശാസ്ത്രം, അതിനെ തേടി വണ്ടുകൾ വരുന്നതിന്റെ ശാസ്ത്രം, വണ്ടുകൾ പോലുള്ള ജീവികൾക്ക് അതിലിരിക്കാൻ പാകത്തിലുള്ള ബലം അതിൽ ഒരുക്കിയിരിക്കുന്നതിന്റെ ശാസ്ത്രം, ആ ചെടിക്കു താങ്ങാൻ കഴിയുന്നതും ആവശ്യം കഴിഞ്ഞാൽ കൊഴിഞ്ഞു പോകാൻ കഴിയുന്നറുമായ രീതിയിൽ പൂവ് ഒരുക്കപ്പെട്ടതിന്റെ ശാസ്ത്രം. അങ്ങനെ ചിന്തിക്കുമ്പോൾ ഓരോ ജീവിയിലും പ്രജനന തത്വം അടങ്ങിയിരിക്കുന്നു എന്നതിലെ ശാസ്ത്രം നമ്മെ വിസ്മയിപ്പിക്കുന്നു.

സാംസ്‌കാരിക നായകൻ എന്ന പദം എന്നെ അലോസരപ്പെടുത്തുന്നു. ഒന്ന് രണ്ടു കവിതകൾ കുത്തിക്കുറിക്കുന്ന ഒരാളെ സാംസ്‌കാരിക നായകൻ എന്ന് വിളിക്കാമോ? എന്നെ അങ്ങനെ വിളിക്കുമ്പോൾ ഞാൻ അസ്വസ്ഥനാകുന്നു. പണ്ടും നമുക്ക് സാംസ്‌കാരിക പ്രവർത്തകരുണ്ടായിരുന്നു, അവരെ നാം ഋഷികൾ എന്നാണ് വിളിച്ചിരുന്നത്. ഋഷി എന്ന വാക്ക് ഒരുപാട് രീതിയിൽ വായിക്കപ്പെടുന്നു: ഋഷി ഭർസകനാണ് - വിഷം ഉള്ളവൻ, കാണുന്നവനാണ് - അപൂർവ്വമായതിനെ കാണുന്നവൻ, സത്യം കണ്ടെത്തുവാൻ ശ്രമിക്കുന്നവനാണ് - ദീർഘദർശനം ഉള്ളവൻ. എല്ലാ സംസ്കാരങ്ങളിലും ഋഷിമാർ ഉണ്ട്, അവരെ വിദ്വാൻമാർ എന്നും നാം വിളിക്കുന്നു.

ഋഷി അല്ലാത്തവൻ കവിയല്ല, എല്ലാ ഋഷിമാരും കവികളാണ്, എല്ലാവർക്കും വേണ്ടി തത്വങ്ങൾ തേടുന്നവർ, അവൻ തന്നെയാണ് ശാസ്ത്രകാരൻ!

ഉദാഹരണത്തിന് ഋഗ്വേദത്തിലെ അസ്യ വാമസ്യ സൂക്തം കാവ്യാത്മകമായ ഒന്നാണ്, എന്നാൽ അതിൽ ജ്യോതിശാസ്ത്രം, ശരീരശാസ്ത്രം തുടങ്ങിയവയിലെ തത്വങ്ങൾ നമുക്ക് കാണാൻ കഴിയും. എനിക്ക് ഇപ്പോഴും അത് പൂർണ്ണമായും മനസ്സിലായിട്ടില്ല, ഞാൻ അത് വീണ്ടും വീണ്ടും പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഭർതൃഹരിയുടെ രചനകളിൽ സൗന്ദര്യശാസ്ത്രവും ശരീരശാസ്ത്രവും ഇടകലർന്നു കിടക്കുന്നു. ഉദാഹരണത്തിന് സുന്ദരിയുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങുന്നു എന്ന് പറയുമ്പോൾത്തന്നെ മൂക്കളയും തുപ്പലും അടങ്ങിയ തലയെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നു. സ്തനങ്ങളെ ഭംഗിയുള്ള കുടങ്ങളോട് ഉപമിക്കുമ്പോഴും അവയിലെ ചലവും രക്തവും മാംസവും പ്രതിപാദ്യവിഷയമാകുന്നു. ഒരേസമയം വൈകാരികവും ശാസ്ത്രീയവുമായ ചിത്രം കോറിയിടുവാൻ അന്നത്തെ കവികൾക്ക് കഴിഞ്ഞിരുന്നു.

യാഥാർത്ഥത്തിൽ ശാസ്ത്രവും സംസ്കാരവും രണ്ടല്ല! നമ്മുടെ പഴമക്കാർ അതിനെ വേർതിരിച്ചു കണ്ടിരുന്നില്ല. അത് ഒരു കാഴ്ചപ്പാടിനെ വ്യത്യാസം കൂടിയാണ്. ഉദാഹരണത്തിന്, ചരിത്രം ഒരു ശാസ്ത്രമാണ്, ഇന്ന് ചരിത്രത്തെ ലോകം ഒരു ശാസ്ത്രമായി അംഗീകരിക്കുന്നു. പാശ്ചാത്യർ ചരിത്രത്തെ ദിവസങ്ങളുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചു. പൗരസ്ത്യരായ നാമാകട്ടെ ചരിത്രത്തിൽ നിന്ന് സത്തകൾ മാത്രം സ്വാംശീകരിക്കാൻ ശ്രമിച്ചു, അതിനോട് ആപേക്ഷികമായ മാസങ്ങളും തീയതികളും ബന്ധിപ്പിക്കാൻ താത്പര്യം കാണിച്ചില്ല.

എല്ലാ ചിന്തയും ശാസ്ത്രമാണ്, അത് എന്തുമായി ബന്ധപ്പെട്ടതായാലും. ഭാഷ, സംഗീതം, പരിസ്ഥിതി, വ്യക്തി മനഃശാസ്ത്രം, ആനന്ദം ഇവയിലെല്ലാം ശാസ്ത്രമുണ്ട്. നമ്മുടെ അന്നം ശാസ്ത്രീയമാണ്. ചിന്തിച്ചു നോക്കുക ഒരു കുഞ്ഞിന് കൊടുക്കാവുന്ന ഏറ്റവും ശാസ്ത്രീയമായ അന്നം ഏതാണ്? അത് മുലപ്പാലാണ്! എന്നാൽ വിദ്യാസമ്പന്നയോ അല്ലാത്തവളോ ആയ ഒരു അമ്മ അവളുടെ കുട്ടിയെ, ഒരു ബീജകണത്തിൽ നിന്ന്, ഒരു കോശത്തിൽ നിന്ന് ഉരുവാക്കി, 270 ദിവസത്തോളം പേറി ഒരു കുഞ്ഞാക്കി, അതിനെ മുലപ്പാൽ ഊട്ടുമ്പോൾ അതിലെല്ലാമുള്ള ശാസ്ത്രത്തെ അറിയുന്നുണ്ടോ?

ശാസ്ത്രകാരൻ ഒരു തത്ത്വാന്വേഷിയാണ്, ഒരു കവിയാണ്. അബ്ദുൽകലാം ഒരു കവിയാണ്, അങ്ങനെ നമ്മുടെ പ്രഗത്ഭരായ ശാസ്ത്രകാരന്മാരെല്ലാം കവികളും കലാകാരന്മാരുമായ തത്ത്വാനേഷികളാണ്. ഭാഗവതത്തിലും, ഋഗ്വേദത്തിലും അങ്ങനെയുള്ള എല്ലാ സംസ്കാരങ്ങളുടെയും വേദങ്ങളിലും ശാസ്ത്ര തത്വങ്ങൾ പ്രതിഫലിക്കുന്നുണ്ട്.

ഒരു നല്ല സംഗീതജ്ഞൻ ഒരു സാമൂഹിക പരിഷ്കർത്താവാണ്, കഴിഞ്ഞുപോയ കാലങ്ങളെ തത്വങ്ങളായി ഉൾക്കൊണ്ട് നമ്മെ അനുഭവിപ്പിക്കുന്നവൻ. അവൻ സ്നേഹത്തിലൂടെ പ്രവർത്തിക്കുന്നു. അവനു ചുറ്റുമുള്ളതിനെയെല്ലാം അവൻ സ്നേഹിയ്ക്കുന്നു, അതിൽ നിന്ന് തത്ത്വങ്ങൾ ഉൾക്കൊണ്ടു തന്റെ കലാസൃഷ്ടികളിലൂടെ തലമുറകൾക്കു പകർന്നു നൽകുന്നു.

ബൈബിളിൽ ഉല്പത്തിയെ കുറിച്ച് പറയുമ്പോൾ പറയുന്നത് ദൈവം ഓരോ ദിവസവും അവന്റെ സൃഷ്ടി കർമത്തിന് ശേഷം അവന്റെ സൃഷ്ടിയെ നല്ലതായി കണ്ടു എന്നാണ്. അവൻ ഒന്നിനെയും ചീത്തയായി കണ്ടില്ല എന്നുകൂടി നാം മനസ്സിലാക്കണം.

ശ്രീനാരായണ ഗുരുവിന് വളരെ മുമ്പ് കുഞ്ചൻ നമ്പ്യാർ ശീതങ്കൻ തുള്ളൽ അവതരിപ്പിച്ചു. കീഴാളന്  പ്രവേശമില്ലാതിരുന്ന മേലാള ഇടങ്ങളിൽ കീഴാള വേഷത്തിൽ അദ്ദേഹം കടന്നു ചെന്ന് കീഴാളനെ അവതരിപ്പിച്ചു! അദ്ദേഹം നമ്മെ ചിരിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്‌തു, രണ്ടു രീതിയിലും അദ്ദേഹം സമൂഹത്തിൽ മാറ്റത്തിന്റെ വിത്ത് വിതച്ചു.

ശാസ്ത്രീയത തുടങ്ങുന്നത് ജീവിതത്തിലാണ്. അത് പടിഞ്ഞാറൻ വിദ്യാഭ്യാസത്തിലല്ല തുടങ്ങുന്നത്. അത് ഭാഗവതത്തിലും, ഭർതൃഹരിയുടെ രചനകളിലുമെന്നുവേണ്ട നമ്മുടെ ചുറ്റുമുണ്ട്. ശാസ്ത്രവും കലയും അർത്ഥവത്താകുന്നത് അത് സമൂഹത്തിൽ മാറ്റമുണ്ടാക്കുമ്പോഴാണ്.

ലഹരി ഉപയോഗം എന്നും ഉണ്ടായിരുന്നു. വേദ കാലത്തും, സംഘകാലത്തുമെല്ലാം അതുണ്ടായിരുന്നു. പക്ഷെ അന്നൊക്കെ അവയെ നിരീക്ഷിക്കാനുള്ള ചില മാർഗ്ഗങ്ങളും നില നിന്നിരുന്നു. ഒരു ഉദാഹരണം പറയാം.

ഗൗതമബുദ്ധനെ നശിപ്പിക്കാൻ പല മേലാളരും, വരേണ്യരും, ബ്രാഹ്മണരും ശ്രമിച്ചിരുന്നു. ബുദ്ധന്റെ തന്നെ അളിയൻ പോലും അദ്ദേഹത്തെ കൊല്ലാൻ നോക്കിയിരുന്നു. ഒരിക്കൽ ഒരു ഗണിക, താൻ കഴിഞ്ഞ രാത്രി ബുദ്ധനോടൊപ്പമായിരുന്നു എന്ന് അപവാദം പറഞ്ഞു. ബുദ്ധനൊഴികെ മറ്റുള്ളവരെല്ലാം, ഇന്നത്തെപ്പോലെ, അതിൽ അഭിപ്രായം പറഞ്ഞു. കുറച്ചു നാൾ കഴിഞ്ഞു, അവൾ ഒരു പൊന്തക്കാട്ടിൽ മരിച്ചു കിടന്നു. പലരും ബുദ്ധനെ സംശയിച്ചു. കുറെ നാൾ കഴിഞ്ഞ് ഒരു കള്ളു ഷാപ്പിൽ രണ്ടു പേർ ലഹരിയിൽ വഴക്കു തുടങ്ങി - ഒരാൾ നീയല്ലേ ആ ഗണികയെക്കൊണ്ട് ബുദ്ധനെക്കുറിച്ചു അപവാദം പറയിച്ചത് എന്നായി, മറ്റെയാൾ നീയല്ലേ അവളെ കൊന്നത് എന്നും. ലഹരിയിൽ ഈ രണ്ടു കള്ളങ്ങളും പൊളിഞ്ഞു. ഈ സംഭാഷണം രാജാവിന്റെ ചാരൻ രേഖപ്പെടുത്തുകയും രണ്ടു പേരും രാജസദസ്സിൽ വിചാരണക്ക് വിധേയരാകുകയും ചെയ്തു.

ലഹരി ഒരു തരംഗമാണ്. ശങ്കരാചാര്യർ സൗന്ദര്യ ലഹരി എന്നൊരു കൃതിക്ക് പേര് കൊടുത്തത് തന്നെ അതുകൊണ്ടാണ്. അഷ്ടാംഗ ഹൃദയത്തിൽ അമിത ലഹരി ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചു പറയുന്നുണ്ട്.

ലഹരി ഉപയോഗം കുറക്കാൻ ഭരണകൂടങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയുകയില്ല. കാരണം അതിനെ ചുറ്റി പണവും അധികാരവും ഉണ്ട്.

ലഹരി ഉപയോഗത്തിന് കുട്ടികളെ കുറ്റം പറയാൻ കഴിയില്ല. അവർക്ക് ചുറ്റും അതിന്റെ ലഭ്യതയും ആകർഷകതയും ഉണ്ടാക്കി വച്ചിരിക്കുന്നത് സമൂഹമാണ്. മദ്യാലയങ്ങൾ വിദ്യാലയങ്ങെളെക്കാൾ ആകർഷകങ്ങളാണ്. മാതാപിതാക്കൾക്ക് കൊതിയാണ്, തിന്നാനുള്ള കൊതി, നേടാനുള്ള കൊതി, അതിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. ഒരു വിദ്യാലയത്തിനടുത്ത് ഒരു സദ്യാലയം ഉണ്ടാകും, ഒരു സദ്യാലയത്തിനടുത്ത് ഒരു മദ്യാലയം ഉണ്ടാകും! അതാണ് സ്‌ഥിതി.

ആദ്യം നന്നാവേണ്ടത് വീടുകളാണ്, മാതാപിതാക്കളാണ്. ചീത്തയെ ത്യജിക്കാനും നല്ലത് ഭുജിക്കാനുമുള്ള വിവേക ബുദ്ധി ഉണ്ടാകേണ്ടത് വീടുകളിൽ നിന്നാണ്, അത് കാണിച്ചു കൊടുക്കേണ്ടത് മതാ പിതാക്കളാണ്‌. ഒരു പൂച്ച കവർ പാൽ കുടിക്കാൻ മുതിരുകയില്ല! ആ ജീവിക്ക് തനിക്ക് അഭികാമ്യമായ ഭക്ഷണത്തെ തിരിച്ചറിയാനുള്ള വിവേക ബുദ്ധിയുണ്ട്. മനുഷ്യന് അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

ഗാന്ധിയുടെ ജന്മം കൊണ്ട് ഏറ്റവും അനുഗ്രഹീതനായ ഒരു ജനതയാണ് നമ്മുടേത്. പക്ഷെ നാം എത്രമാത്രം അദ്ദേഹത്തെ അറിയുന്നു? ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ അദ്ധ്യാപകൻ മറ്റൊരു കുട്ടിയുടെ ഉത്തരം നോക്കി എഴുതാൻ ആവശ്യപ്പെട്ടപ്പോൾ അതിന്റെ ആവശ്യമില്ല എന്നും അത് തെറ്റാണെന്നും അദ്ദേഹം മനസ്സിലാക്കുകയും ധൈര്യത്തോടെ അതിനു വേണ്ടി നിലകൊള്ളുകയും ചെയ്തു. നമ്മുടെ കുട്ടികൾ അങ്ങനെയാകണം, അതിനു മാതാ പിതാക്കളും അദ്ധ്യാപകരും അവരെ ഒരുക്കണം.

1937 ൽ ഒരു ബിഷപ്പ് ഇന്ത്യ സന്ദർശനത്തിന് ശേഷം അമേരിക്കയിലെത്തി തന്റെ യാത്രയെക്കുറിച്ചു അവിടുത്തെ കുട്ടികളോട് വിവരിക്കുകയായിരുന്നു. അപ്പോൾ കുട്ടികൾ അദ്ദേഹത്തോട് താങ്കൾ ഗാന്ധിയെ കണ്ടോ എന്ന് ചോദിച്ചു. അന്നത്തെ ആ കുട്ടികൾക്കുള്ള ഗാന്ധിയെക്കുറിച്ചുള്ള ധാരണ നമുക്കുണ്ടോ?

ഞാൻ ആദ്യമായി രാജ്‌ഘട്ടിൽ പോയപ്പോൾ ദീപ ശിഖക്ക് മുന്നിൽ പ്രണമിക്കുകയായിരുന്നു. അപ്പോൾ കുറെ ചെറിയ കുട്ടികളുമായി ഒരു സ്കൂളിൽ നിന്നും ഒരു സംഘം അവിടെ എത്തി. ആരും ഒന്നും പറയാതെ ആ കുട്ടികൾ അവിടെ സാഷ്ടാംഗം പ്രണമിക്കുന്നത് ഞാൻ കണ്ടു. ആ കുട്ടികളുടെ മനസ്സിലെ ഗാന്ധിയെ നമുക്കറിയുമോ?

എനിക്ക് ചെന്നൈയിലെ ഒരു ചടങ്ങിൽ എന്റെ "ഗാന്ധി" എന്ന കവിത അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായി. മിക്കവാറും എല്ലാ തെന്നിന്ത്യൻ ഭാഷകളിൽ നിന്നും കവികൾ അന്ന് മറീന ബീച്ചിൽ കവിതകൾ അവതരിപ്പിക്കാൻ എത്തിയിരുന്നു. കലൈഞ്ജർ കരുണാനിധിയും അതുപോലുള്ള പ്രമുഖരും നിറഞ്ഞ സദസ്സ്. ഞാൻ കവിത അവതരിപ്പിച്ചു കഴിഞ്ഞ ഉടനെ ചില പ്രമുഖർ വേദിയിലേക്ക് വന്ന് എന്നെ അഭിനന്ദിച്ചു. അതിലൊന്ന് ശെമ്മാങ്കുടി വൈദ്യനാഥ അയ്യർ ആയിരുന്നു, അദ്ദേഹം പറഞ്ഞു "എത്തിനൈ ഗാന്ധികൾ"! എസ്  പി ബാലസുബ്രഹ്മണ്യം, എം എസ് വിശ്വനാഥൻ തുടങ്ങിവരും അവരിലുണ്ടായിരുന്നു. മലയാളം അവർക്ക് എത്രമാത്രം അറിയാം എന്ന്  എനിക്കറിയില്ല, എന്നാൽ ഗാന്ധിജിയെ അവർ എത്രമാത്രം ബഹുമാനിക്കുന്നു എന്ന് എനിക്ക് അറിയാൻ കഴിഞ്ഞു. 

പുതിയ തലമുറയിലെ ഒരു എഴുത്തുകാരൻ തന്റെ ഒരു ഇംഗ്ലീഷ് പുസ്തകത്തിൽ എന്റെ ഈ കവിതയെ പരാമർശിക്കുകയുണ്ടായി. ബഹുമാന്യനായ മന്മഥൻ സാറാണ് എന്റെ കവിതയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞതത്രെ. അന്ന്  ശെമ്മാങ്കുടി പറഞ്ഞതുപോലെ എന്റെ കവിതയിൽ പല ഗാന്ധികളെ അദ്ദേഹത്തിനും കണ്ടെത്തനായി. അവരുടെ മനസ്സിലെ ഗാന്ധിയെ നമുക്കറിയുമോ?

ഗാന്ധിജിയെ കൂടുതൽ അറിഞ്ഞപ്പോൾ ഏത് വീക്ഷണ കോണിൽ നിന്ന് നോക്കിയാലും എനിക്ക് ഒരിക്കലും എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിലാണ് അദ്ദേഹം എന്ന് ഞാൻ തിരിച്ചറിയുന്നു. ഇന്ന് നമ്മിൽ പലർക്കും ഗാന്ധിജി ഒരു വിമർശന വസ്തു മാത്രമാണ്. പക്ഷെ, ഞാൻ മുമ്പ് പറഞ്ഞവർക്കൊക്കെ അദ്ദേഹം അനുകരിക്കാനുള്ള ഉത്തമ മാതൃകയാണ്. നമുക്കും അങ്ങിനെയാകണം.

ഗാന്ധിയിലേക്കുള്ള തിരിച്ചുപോക്കാണ് നമ്മുടെ വഴി. ഗാന്ധി പ്രകൃതി സ്നേഹിയായ ഒരു ശാസ്ത്ര വാദിയായിരുന്നു, മനുഷ്യസ്നേഹത്തിനായിരുന്നു അദ്ദേഹത്തിന്റെ മുൻ‌തൂക്കം.ശാസ്ത്രത്തിന്റെ ഉപയോഗം അദ്ദേഹത്തിനെ പാതയിലാകണം.

ഗാന്ധിയെക്കുറിച്ച് വാചാലനായപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, അത്രമാത്രം ഹൃദയത്തിൽ നിന്നായിരുന്നു ആ വാക്കുകൾ ഒഴുകി എത്തിയത്.

തുടർന്ന്: ഗാന്ധി എന്ന കവിതയുടെ ആദ്യവും അവസാനവും അദ്ദേഹം മനോഹരമായി ആലപിച്ചു. സദസ്സുമായി വിവിധ വിഷയങ്ങളിൽ സംവദിച്ചു.

രാജൻ ആയിരുന്നു അദ്ദേഹത്തെ സ്വാഗതം ചെയ്തത്. അദ്ധ്യക്ഷത വഹിച്ച പി എസ് ശ്രീകുമാർ, സമ്മേളന ശേഷം, അദ്ദേഹത്തിന് അകമഴിഞ്ഞ നന്ദി പ്രകാശിപ്പിച്ചു. പുതു തലമുറയിലെ പല കവികളും സാമൂഹിക പ്രതിബദ്ധതയില്ലാത്ത അലോസരപ്പെടുത്താത്ത കവിതകൾ താത്പര്യപ്പെടുമ്പോൾ മധുസൂദനൻ സാറിന്റെ കവിതകൾ സമൂഹത്തിന്റെ സംസ്കരണത്തിന് ഉതകുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ഒരുപാട് കവിതകൾ എഴുതണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ശാസ്ത്രവേദി സംസ്ഥാന സമ്മേളനം 2025: ഏപ്രിൽ 25 - 26,ലെനിൻ ബലവാടി, തിരുവനന്തപുരം.

No comments:

Post a Comment