Thursday, November 27, 2025

ജാതി ഉന്മൂലനം, അകലെയല്ല

ജാതി ദൈവ / മത വിശ്വാസത്തിൻ്റെ പ്രശ്നമല്ല, അത് ഒരു പ്രത്യേക മതത്തിൻ്റെ മാത്രം പ്രശ്നവുമല്ല. നാം വിശ്വാസവുമായി ഇതിനെ വെറുതെ കൂട്ടി കുഴക്കുകയാണ്. 

ജാതി ജന്മവുമായി ബന്ധിപ്പിക്കുന്നിടത്താണ് പ്രശ്നം തുടങ്ങുന്നത്. മരംകയറിയുടെ കുട്ടി മരം കയറിയാണ്, അതാണവൻ്റെ വിധി എന്ന് സമൂഹം വിധിക്കുന്നതാണ് തെറ്റ്.  പിന്നെ ആ വിധിയുടെ പശ്ചാത്തലത്തിൽ അയാൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുകയും അയാൾ ഒതുക്കി നിർത്തപ്പെടുകയും, അയാൾ കയറിയ ഇടം ശുദ്ധീകരിക്കുകയും ഒക്കെ ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ്?  

ഒരാൾ താളമുള്ള ഒരു ജാതിപ്പേര് ഉപയോഗിക്കുന്നതോ, അല്പം നിഗളിക്കുന്നതോ ഒന്നുമല്ല പ്രശ്നം. അത് മറ്റുള്ളവരെ തുല്യരായി കാണുന്നതിൽ നിന്ന് അയാളെ തടയുന്നൊ എന്നതാണ് പ്രശ്നം. ഒരു മനുഷ്യൻ, ജന്മം കൊണ്ട് മറ്റൊരു മനുഷ്യനെക്കാൾ താഴെയാണെന്നോ മുകളിലാണെന്നോ ചിന്തിക്കാൻ ജാതി കാരണമാകുന്നു എന്നത് കൊണ്ട് അത് ഇല്ലാതാകണം എന്നാണ് നമ്മുടെ നേതാക്കൾ ആഗ്രഹിച്ചത്. 

ജീനോം പഠനത്തിൻ്റെ ബലത്തിൽ ഡോ: ടോണി ജോസഫ് (author of "Early Indians"), ഒരു സെമിനാറിൽ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്, തീവ്ര ജന്മ ബന്ധിത ജാതി സംവിധാനത്തിന് 2000 വർഷത്തിൽ താഴെ മാത്രമേ പഴക്കമുള്ളൂ എന്നാണ്. അതിന് മുമ്പ് നമ്മുടെ ജീനുകൾ ഇടപഴകലുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നു അത്രേ. ഏതാണ്ട് 2000 വർഷത്തിന് ശേഷം കണ്ട ജീനുകളിൽ ഇടകലരുന്ന സ്വഭാവം കുറയുന്നതായി കണ്ടു. ഇണചേരൽ  പ്രത്യേകവിഭാഗങ്ങളിലേക്ക് ചുരുങ്ങിയതാകാം ഇതിന് കാരണം എന്ന് കരുതപ്പെടുന്നു. അതായത് ജന്മവും ജാതിയുമായി ബന്ധപ്പടുത്തപ്പെട്ടത് ഏതാണ്ട് 2000 വർഷങ്ങൾക്കുള്ളിൽ മാത്രമാണ് എന്ന് നാം മനസ്സിലാക്കണം. ഏതാണ്ട് ആ കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞു വന്ന സാമൂഹിക സാഹചര്യങ്ങളാവാം ജാതിയെ ജന്മവുമായി ബന്ധിപ്പിച്ചത്. 

കിസ്തുവിന് മുമ്പ് 200 മുതൽ 300 വർഷം വരെയുള്ള കാലയളവിലാണ് സംഘസംസ്കാരത്തിന് ശേഷം ബുദ്ധമതവുമായി ബന്ധപ്പെട്ട രാജവംശങ്ങൾ ഇവിടെ നില നിന്നത് എന്ന് കരുതപ്പെടുന്നു. അശോകനെപ്പോലെയുള്ളവർ നിറഞ്ഞു നിന്നിരുന്ന ഗുപ്ത, മൗര്യ കാലഘട്ടങ്ങൾ. ക്രിസ്തുവിന് ശേഷം എട്ടാം നൂറ്റാണ്ടോട് കൂടി ഈ പരമ്പരകൾ ശിഥിലമാവുകയും ജാതി വ്യവസ്ഥയിൽ അടിസ്ഥാനമായ ഒരു സമൂഹിക ക്രമം ഉരുത്തിരിയുകയും ചെയ്തിരിക്കാം. ലോകം മുഴുവൻ അടിമ വ്യാപാരം പോലെ മനുഷ്യ തുല്യത മാനിക്കാത്ത വ്യവസ്ഥകൾ നില നിന്നിരുന്ന ഒരു സമയമായിരുന്നല്ലോ അത്. ഇത് ഡോ: ടോണി ജോസഫ് പറഞ്ഞ ജനിതക മിശ്രണവുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന് പൂരകമാണ് എന്ന് തോന്നുന്നു. 

എന്നാൽ, ഇത്ര അസമത്വം ഉണ്ടാക്കുന്ന ജാതി, നൂറുകണക്കിന് വർഷങ്ങളായി ഇവിടെ നിലനിൽക്കുന്നു. എന്തായിരിക്കും കാരണം?

ഭരണസൗകര്യമാവും ഇതിൻ്റെ ഒരു കാരണം. വിഭവങ്ങളുടെ മുകളിലുള്ള അധികാരവും വിതരണവും ജാതി ഉപയോഗിച്ച് എളുപ്പത്തിൽ നിർവ്വചിക്കാൻ കഴിയും. ഉദാഹരണം: ഒരു താഴ്ന്ന ജാതിക്കാരന് ഭൂമിയിൽ അവകാശം ആവശ്യമില്ല, പണി ചെയ്യാൻ ബാദ്ധ്യസ്ഥൻ ആണ് താനും. അവൻ അവൻ്റെ ജന്മിയുടെ ആശ്രിതൻ ആകുന്നു എളുപ്പത്തിൽ വിധിക്കാം. 

മുഗളൾർക്ക് മുമ്പ് ഇവിടെയുള്ള രാജാക്കൻമാർ ജാതി വ്യവസ്ഥ ഭരണത്തിൽ ഉപയോഗിച്ചിരുന്നു. നാം ശ്രദ്ധിക്കേണ്ടത്, മുഗൾ ഭരണം അത് അവസാനിപ്പിച്ചില്ല എന്ന് മാത്രമല്ല, അത് സ്വീകരിക്കുകയും ഉറുദു നാമങ്ങൾ നൽകുകയുമായിരുന്നു. അതായത് ഒരു കേന്ദ്രീകൃത ഭരണത്തിന് സങ്കീർണ്ണത കുറഞ്ഞ, സ്ഥിരതയുള്ള ഒരു തൊഴിൽ വിഭവ നിയന്ത്രണവും, പണിയാളുകളുടെ ലഭ്യതയും ഉറപ്പാക്കാൻ, ജാതി ഉപയോഗിച്ചിരുന്നു എന്ന് നാം മനസ്സിലാക്കണം.

ബ്രിട്ടീഷുകാർ നടപ്പാക്കിയ സാർവത്രിക വിദ്യാഭ്യാസം കുറേപ്പേരെ ഈ ചട്ടക്കൂടിന് വെളിയിലാക്കി. അവർക്ക് വേണ്ട തരം പണിയാളുകളെ ഉണ്ടാക്കാനായി ഗുമസ്ത / ബാബു ജാതി ഉണ്ടാക്കി! പക്ഷേ അതിനെ ജന്മവുമായി ബന്ധിപ്പിക്കാൻ അവർ തുനിഞ്ഞില്ല. ഈ പുതിയ ജാതി, ജാതി വ്യവസ്ഥക്ക് ചെറിയ പരിക്കുകൾ ഏൽപ്പിച്ചു എങ്കിലും ബ്രിട്ടീഷുകാരും ജാതി ക്രമത്തെ ഉപയോഗിക്കുക മാത്രമാണ് ഉണ്ടായത്. 

നാം തുല്യ പങ്കാളിത്ത ജനായത്ത ഭരണത്തിലേക്ക് മാറുകയും നെഹ്രുവും ഗാന്ധിയും അംബെദ്കറും ഒക്കെ നാം എല്ലാവരും തുല്യർ ആണെന്നു പ്രഖ്യാപിക്കുകയും ചെയ്തതാണ് ജാതി വ്യവസ്ഥയെ യഥാർത്ഥത്തിൽ ഉലച്ചത്. ഗാന്ധി ഹരിജനങ്ങൾ പ്രത്യേക പരിഗണ വഴിയും വിഭവ ലഭ്യത വഴിയും തുല്യരാകും എന്ന് വിശ്വസിച്ചു, നെഹ്രു വ്യാവസായിക വികസനം വഴി സ്വാഭാവികമായി ജാതികൾ നശിക്കും എന്ന് സ്വപ്നം കണ്ടു. അംബെദ്കർ ശക്തമായ ഇടപെടലുകൾ വഴി ജാതി നിലനിൽക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കണം എന്ന് ആഗ്രഹിച്ചു. മൂന്നു പേരും മനുഷ്യരുടെ തുല്യതയും സഹവർത്തിത്വവും ലക്ഷ്യം വച്ചു എന്ന് നാം മനസ്സിലാക്കണം. 

കൂലി കൊടുക്കാതെ ജോലി ആവശ്യമുള്ള ജന്മികളും വരേണ്യരും, മനുഷ്യർ തുല്യരാണെന്ന് കരുതാത്ത സംഘങ്ങളും മാത്രമല്ല, ജാതി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകളും ഇപ്പോൾ ജാതി നിലനിൽക്കാൻ ആഗ്രഹിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഇവർ എല്ലായിടത്തും സ്വയം പെരുപ്പിച്ച് കാണിക്കുകയും ഇടം പിടിക്കുകയുമാണ്. 

ഒരു പക്ഷേ, സ്വാഭാവികമായിത്തന്നെ ജാതിയുടെ ആവശ്യകത വ്യാവസായിക വത്കരണവും പാലായനങ്ങളും മുഖേന ഇല്ലാതായേക്കും, നെഹ്രു ചിന്തിച്ചത് പോലെ. എന്നാൽ അതിന് സമയവും സാഹചര്യവും ഒത്തുവരണം. 

ഉദാഹരണത്തിന്, ഇവിടെ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ജാതി നമുക്കറിയില്ല. അറിഞ്ഞാൽ തന്നെ നമ്മുടെ ജാതികളുടെ ഇടയിൽ അതിനെ എവിടെ തിരുകണം എന്ന് നമുക്ക് വലിയ ധാരണയില്ല. നമ്മളും അവരും ഇവിടെ നാമറിയാതെ ജാതിയിൽ നിന്ന് മോചിതരാകുന്നു. അതുപോലെ ഒരു ഫാക്ടറിയിൽ ജോലി നോക്കണമെങ്കിൽ അതിന് പറ്റിയ സങ്കേതങ്ങൾ അഭ്യസിക്കണം. ജന്മമോ കഴിവോ അല്ല, സാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യമാണ് ഇവിടെ ജോലിക്കും ഉയർച്ചക്കും കാരണം. ഇവിടെയും ജാതിയുടെ ആവശ്യം ഇല്ലാതെയാക്കുന്നു (ചിലർ താത്കാലികമായി നിലനിർത്താൻ ശ്രമിക്കുന്നു എങ്കിലും). 

നമുക്ക് പരസ്പരം കരുതി, ജന്മ ബന്ധിത ജാതിയും അതിൻ്റെ പേരിലുള്ള അസമത്വവും അവസാനിപ്പിക്കാൻ ഒരുമിച്ച് ശ്രമിക്കാം. കേവല നിയമങ്ങളോ, പ്രകടനങ്ങളോ, സംവരണമോ അല്ല, അബേദ്കർ പറഞ്ഞതുപോലെ സാഹചര്യങ്ങൾ ഇല്ലാതാക്കുകയാണ് വേണ്ടത് എന്ന് തോന്നുന്നു. കർഷക സാമൂഹിക വ്യവസ്ഥ ജാതിക്ക് അനുകൂലമായത് കൊണ്ട് കൃഷി ഒരു വ്യവസായി മാറണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

ജാതി വിവേചനം നില നിൽക്കുന്ന ഒരു പ്രദേശം വ്യവസായ വത്കരിക്കുക വഴി ജാതി വിവേചനമില്ലാത്ത തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, അതീവ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ അവിടെ നിന്നും ജാതി വേർതിരിവില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി നാം ചെയ്യേണ്ടതുണ്ട്. 

രാജ്യവ്യാപകമായി ഒരു ജാതി സെൻസസ് നടത്തുകയും സ്വാതന്ത്ര്യാനന്തരം ജാതി / ജാതി വിവേചന ഉന്മൂലനത്തിനായി നാം കൈക്കൊണ്ട നടപടികൾ തുല്യത ഉണ്ടാക്കുന്നതിൽ എത്രത്തോളം സഹായകകരമായി എന്ന് തുറന്ന മനസ്സോടെ വിലയിരുത്തണം. പ്രായോഗികമായ തുടർ നടപടികൾ ഉണ്ടാക്കി, സ്വാഭാവികമായി ഉണ്ടാകുന്ന ജാതി ഉന്മൂലനത്തിന് ആക്കം കൂട്ടുകയും എതിർപ്പുകളെ അതിജീവിക്കുകയും വേണം.

English Version & Citations

No comments:

Post a Comment