ഏപ്രിൽ 25: ISRO മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് നൽകിയ ഉത്‌ഘാടക പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളും, മറ്റു പ്രഭാഷണങ്ങളുടെ ചുരുക്കവും.
ഇവിടെ കുട്ടികൾ സന്നിഹിതരാണെന്ന് എന്നതുകൊണ്ടാണ് ഞാൻ ഇവിടെ വരാം എന്ന് തീരുമാനിച്ചത്. നമ്മെ നാമാക്കുന്നത് കുട്ടിക്കാലത്തു നാം വായിക്കുന്ന പുസ്തകങ്ങളും, നാം പരിചയപ്പെടുന്നവരും, അവരുടെ വാക്കുകളും മറ്റുമാണ്. സമൂഹത്തിന്റെ സഹായത്തോടെ നാം നേടുന്ന അറിവും ശേഷികളും സമൂഹത്തിന് തിരിച്ചു നൽകുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.
എങ്ങിനെയാണ് നമുക്ക് ശാസ്ത്രത്തോട്
താത്പര്യം ഉണ്ടാകുന്നത്? അതിശയിക്കാനുള്ള
കഴിവുണ്ടാകുമ്പോഴാണ് അത് സംഭവിക്കുന്നത്. അതിശയിക്കാൻ കഴിവുള്ളവർക്ക്, ചുറ്റും നോക്കി കാര്യങ്ങൾ മനസ്സിലാക്കാനും കൂടുതൽ അറിയാനും
കഴിയും. അങ്ങിനെ കൂടുതൽ കൂടുതൽ അറിയുമ്പോഴും അതിശയിക്കുമ്പോഴും നമുക്ക്
മനസ്സിലാകും, അതിശയിക്കാനല്ലാതെ മറ്റൊന്നിനും
നമുക്ക് കഴിയില്ല എന്ന്!
ഈയടുത്ത് "എഡ്ജ് ഓഫ്
നോളഡ്ജ്" (Edge of Knowledge)എന്ന ഒരു
പുസ്തകം ഞാൻ വായിക്കുകയുണ്ടായി. സമയം (time), സ്ഥലം (space), ദ്രവ്യം (matter), ജീവൻ (life), ബോധം (consciousness) എന്നീ സങ്കൽപ്പങ്ങളും അവയുടെ അപേക്ഷികതയുമാണ് അതിന്റെ
പ്രതിപാദ്യ വിഷയം. എന്റെ ഇന്നത്തെ സംസാരം അതിനെ ചുറ്റിപ്പറ്റിയാകാം, അതിൽ നമുക്ക് അതിശയിക്കാൻ വകയുണ്ടായേക്കാം.
19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ
ശാസ്ത്രത്തിന് ഇനി ഒന്നും കണ്ടെത്താനില്ലെന്നും, അപേക്ഷികതയും
ക്വാണ്ടം സിദ്ധാന്തവും ഉപയോഗിച്ച് പ്രതിഭാസങ്ങളുടെ വിശദീകരണം, ആറാം ദശാംശത്തിന്റെ വിശദീകരണം എന്നിവ മാത്രമേ ഇനി ശാസ്ത്രത്തിന്
ചെയ്യാനുള്ളൂ എന്നുള്ള അഭിപ്രായങ്ങൾ ഒക്കെ ഉയർന്നിരുന്നു. പക്ഷെ, ഇന്നും നമുക്ക് ഉത്തരങ്ങളും ചോദ്യങ്ങളും അവശേഷിക്കുന്നു എന്നതാണ്
യാഥാർത്ഥ്യം. എന്തുകൊണ്ട് നമ്മൾ? എന്തുകൊണ്ട് ജീവിതം?
എന്നിങ്ങനെ ഉത്തരം കിട്ടാത്ത എത്ര എത്ര ചോദ്യങ്ങൾ!
മനുഷ്യന് സമയം അറിയുവാനുള്ള കഴിവ്
ഉണ്ടോ?
നമ്മുടെ ശരീരത്തിൽ ഒരു ഘടികാരം പ്രവർത്തിക്കുന്നുണ്ടോ? ചിലർ പറയുന്നു, നമുക്കുള്ളിൽ
ഒരു ജൈവഘടികാരം (biological clock) ഉണ്ടെന്ന്.
അങ്ങിനെയെങ്കിൽ, അത് സ്ഥിരതയുള്ളതാണോ? അത് എപ്പോഴെങ്കിലും നിന്ന് പോകാറുണ്ടോ? നാം ഉറങ്ങുമ്പോൾ അത് നിലക്കുന്നു! സൂക്ഷ്മമായി
മനസ്സിലാക്കിയാൽ അത് ഒരു രാസഘടികാരം ആണെന്ന് മനസ്സിലാകും. ആവശ്യങ്ങൾക്കും
സാഹചര്യങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു രാസപ്രക്രിയയാണത്. അതിനെ ഒരു
യാന്ത്രികഘടികാരവുമായി (mechanical clock) താരതമ്യം
ചെയ്യാൻ കഴിയില്ല.
ഇനി നമുക്ക് മനുഷ്യന്റെ സ്ഥലത്തെ (space) അറിയുവാനുള്ള കഴിവിനെക്കുറിച്ച് ആലോചിക്കാം. നമുക്ക് എത്ര
മാനങ്ങൾ (dimensions) കാണാനുള്ള കഴിവുണ്ട്? യഥാർത്ഥത്തിൽ നമ്മുടെ കണ്ണുകൾക്ക് ദ്വിമാനങ്ങൾ (2D) കാണാനുള്ള കഴിവേ ഉള്ളൂ. നമ്മുടെ രണ്ടു കണ്ണുകളുടെ കാഴ്ച്ച
ഉപയോഗിച്ച് മൂന്നാമത്തെ വശം (3D) നാം
അനുമാനിക്കുകയാണ്. ഇത് നമുക്ക് ലളിതമായി പരീക്ഷിക്കാവുന്നതാണ് - ഒരു കണ്ണ് അടച്ചു
വച്ചുകൊണ്ട് ഒരു ബിന്ദുവിൽ തൊടാൻ ശ്രമിച്ചാൽ നമ്മുടെ കൃത്യത കുറയുന്നതായി നമുക്ക്
മനസ്സിലാകും. നാം മൂന്നാമത്തെ മാനം, അഥവാ വശം, രണ്ട് കണ്ണുകളും തരുന്ന ദ്വിമാന ദൃശ്യങ്ങൾ ഉപയോഗിച്ച്
സൃഷ്ടിക്കുകയാണ്. പക്ഷെ, ഈ പ്രപഞ്ചം എത്രയോ
മാനങ്ങൾ (dimensions) ഉള്ളതാണ്! അവ നേരിട്ട്
മനസ്സിലാക്കാനുള്ള കഴിവ് നമുക്കില്ല - ചില പൊതു ധാരണകൾ ഉപയോഗിച്ചാണ് നാം കാര്യങ്ങൾ
മനസ്സിലാക്കുന്നത്.
എന്താണ് മനുഷ്യന്റെ ഒരു ദിവസം? അത് ഭൂമി ഒരു തവണ സ്വയം തിരിയുന്നതുമായി
ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോൾ അത് 24 മണിക്കൂർ കൊണ്ട് ഒരു തവണ സ്വയം തിരിയുന്നു, അതുകൊണ്ട്
നമ്മുടെ ഒരു ദിവസം 24 മണിക്കൂർ
ആയിരിക്കുന്നു! ഈ ആപേക്ഷികത നാം നന്നായി തിരിച്ചറിയേണ്ടതുണ്ട്. ന്യൂട്ടൻ
അവതരിപ്പിച്ച ചലന നിയമങ്ങൾ ആപേക്ഷികമാണെന്ന് എയ്ൻസ്റ്റീൻ അവതരിപ്പിച്ച ആപേക്ഷികതാ
സിദ്ധാന്തം കൂട്ടിച്ചേർത്തു. ക്വാണ്ടം (കണികാ) ഭൗതികം അതിനേക്കാൾ ഗഹനമായ
വിശദീകരണങ്ങൾ നമുക്ക് തന്നു. ഇവയെയെല്ലാം പ്രപഞ്ചത്തെ നാം നോക്കിക്കാണുന്ന വിവിധ
വീക്ഷണങ്ങൾ (perception) ആയി നമുക്ക് മനസിലാക്കാം.
നാം പറഞ്ഞു വരുന്നത് നമുക്ക് ചുറ്റും
പല സമയങ്ങൾ ഉണ്ട് എന്നതാണ്! ഭൂമിയിലെ സമയമല്ല നാം വിക്ഷേപിച്ച ഒരു ഉപഗ്രഹത്തിലെ
സമയം. വേഗതയും സമയവും തമ്മിലുള്ള ബന്ധം എന്താണ്? വേഗത കൂടുമ്പോൾ സമയം പതുക്കെയാകുന്നു. ഒരു ഉപഗ്രഹം ഭൂമിയെക്കാൾ വേഗത്തിൽ
സഞ്ചരിക്കുന്നതിനാൽ അതിനുള്ളിലെ സമയം ഭൂമിയിലെ സമയത്തേക്കാൾ പതുക്കെയേ
നീങ്ങുകയുള്ളൂ. ഇതുപോലെയാണ് ഗുരുത്വാകർഷണവും സമയവും തമ്മിലുള്ള ബന്ധവും.
ഭൂമിയെക്കാൾ ഭാരമുള്ള ഒരു ഗ്രഹത്തിൽ ഭൂമിയെക്കാൾ പതുക്കെയാവും സമയം നീങ്ങുക.
പല സമയങ്ങൾ ഉണ്ട് എന്ന അറിവും അവ തമ്മിലുള്ള ബന്ധവും, വ്യത്യാസവും മനസ്സിലാക്കാതെ GPS (Global Positioning System) പോലെയുള്ള സാങ്കേതിക വിദ്യകൾ ഉണ്ടാക്കാൻ
സാധ്യമായിരുന്നില്ല. ഭൂമിയിലെ സമയവും നാം വിക്ഷേപിച്ച ഉപഗ്രഹങ്ങളിലെ സമയവും
താരതമ്യം ചെയ്താണ് GPS പ്രവർത്തിക്കുന്നത്.
താരതമ്യത്തിലെ ഒരു മൈക്രോസെക്കൻഡ് പിഴവിന് GPS സംവിധാനത്തിൽ നൂറു കണക്കിന് മീറ്റർ തെറ്റ് വരുത്താൻ കഴിയും!
എയ്ൻസ്റ്റീൻ നമുക്ക് വെളിവാക്കിത്തന്നത് സമയത്തിന്റെ ഈ അപേക്ഷികതയാണ്. ആപേക്ഷികതാ സിദ്ധാന്തം വേഗത്തിനും ഗുരുത്വാകർഷണത്തിനും ആപേക്ഷികമായാണ് സമയം നില നിൽക്കുന്നത് എന്ന ബോധം നമുക്ക് തന്നു. പ്രപഞ്ചത്തിൽ പല സമയങ്ങൾ നിലനിൽക്കുന്നു! പ്രപഞ്ചത്തിന്റെ ഉത്പത്തിയിൽ ഒരു സമയം, സൂര്യനിൽ ഒരു സമയം, നമ്മുടെ ഭൂമിയിൽ മറ്റൊരു സമയം, ഓരോ തമോഗർത്തങ്ങളിലും (black hole) വേറെ വേറെ സമയങ്ങൾ, ശൂന്യതയിൽ ഇതൊന്നുമില്ലാത്ത മറ്റൊരു സമയം. ഇത് നമ്മെ വിസ്മയിപ്പിക്കുന്നില്ലേ? നമ്മുടെ ധാരണകൾ ആപേക്ഷികങ്ങളാണെന്ന് തിരിച്ചറിയാൻ ഇത് നമ്മെ സഹായിക്കുന്നില്ലേ?
പ്രപഞ്ചത്തിന്റെ ആരംഭത്തെ കുറിച്ചുള്ള
ഏറ്റവും പ്രമുഖമായ സിദ്ധാന്തം മഹാവിസ്ഫോടന (big bang) സിദ്ധാന്തമാണല്ലോ. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു വലിയ പൊട്ടിത്തെറിയിലൂടെയാണ്
എല്ലാം തുടങ്ങിയത് എന്നാണ് അത് അവകാശപ്പെടുന്നത്. ഏതാണ്ട് 13.8 മില്ല്യൺ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു
പൊട്ടിത്തെറിയെക്കുറിച്ചാണ് നാം അനുമാനിക്കുന്നത്. ഇപ്പോൾ ചിന്തിച്ച് നോക്കൂ, ഏത് സമയത്തിലാവും ഈ വർഷങ്ങൾ നാം പറയുന്നത്?
നമുക്ക് ദ്രവ്യത്തെക്കുറിച്ചും (matter) അൽപ്പം ചിന്തിച്ചു നോക്കാം. മഹാവിസ്ഫോടനസമയത്ത് ഉർജ്ജമോ
ദ്രവ്യമോ ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു എന്ന് കരുതപ്പെടുന്നു. സത്യത്തിൽ നമുക്ക് ആ
സ്ഥിതിയെപ്പറ്റി വലിയ അറിവൊന്നുമില്ല. എന്നാൽ, ക്വാണ്ടം
സിദ്ധാന്തം ഉപയോഗപ്പെടുത്തിയുള്ള കണക്കു കൂട്ടലുകൾ വഴി അങ്ങിനെ ഒരു സ്ഥിതി
സാധ്യമാണ് എന്ന് നമുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. മഹാവിസ്ഫോടനത്തിനടുത്തേക്ക്
എത്തുമ്പോൾ, നമുക്ക് ആ അവസ്ഥയുടെ ഒരു വിവരവും
ശേഖരിക്കാൻ കഴിവില്ലാത്തതുകൊണ്ട്, ശാസ്ത്രീയ
കണക്കുകൂട്ടലുകൾ സാധ്യമല്ലാതെ വരുന്നു. ആ അവസ്ഥ ഗുരുത്വാകർഷണത്തിന്റെ
പരകോടിയിലായിരിക്കണം, പ്രകാശത്തിന് പോലും
പുറത്തേക്ക് വരാൻ കഴിയാത്തത്ര ശക്തിയിലുള്ള ഗുരുത്വാകർഷണം! പിന്നെങ്ങിനെ നമുക്ക്
തെളിവുകൾ കിട്ടാൻ? എന്നാൽ ആ
അവസ്ഥയെക്കുറിച്ചുള്ള ചിന്തകൾ നമ്മെ വിസ്മയിപ്പിക്കുന്നില്ലേ?
മഹാവിസ്ഫോടനത്തിന് ശേഷം എത്രയോ കോടി
വർഷങ്ങൾക്ക് ശേഷമാണ് പ്രകാശത്തിന് പോലും ആ അവസ്ഥയിൽ നിന്ന് പുറത്തേക്ക് ഒഴുകാൻ
കഴിഞ്ഞത്. നമുക്ക് പ്രകാശം പുറത്തേക്ക് വരുന്നതിന് മുമ്പുള്ള പ്രപഞ്ചത്തെ
കുറിച്ചുള്ള തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ ആ അവസ്ഥയുടെ കാര്യങ്ങൾ മനസ്സിലാക്കാൻ നാം ഇനിയും
കാത്തിരിക്കണം, നമുക്ക് കണ്ടെത്തണം.
മഹാവിസ്ഫോടനസമയത്ത് വെളിവായ ദ്രവ്യവും
ഉർജ്ജവുമെല്ലാം അനന്തതയിലേക്ക് അനുസ്യൂതം പടർന്നുകൊണ്ടിരിക്കുന്നു എന്ന്
കരുതപ്പെടുന്നു. അവ വേഗത്തിൽ അകന്നു കൊണ്ടിരിക്കുക മാത്രമല്ല അവയുടെ അകൽച്ചയുടെ
വേഗം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കോടിക്കണക്കിന് വർഷങ്ങളായി ഈ പ്രതിഭാസം
തുടരുകയാണ്. ആ വേഗത പ്രകാശത്തിന്റെ വേഗതയിലെത്തുമ്പോൾ എന്ത് സംഭവിക്കും? ക്വാണ്ടം സിദ്ധാന്തത്തിലധിഷ്ഠിതമായ കണക്കുകൂട്ടലുകൾ
പറയുന്നത് പ്രകാശത്തിന്റെ വേഗതയിൽ വസ്തുക്കൾ അപ്രത്യക്ഷമാകും എന്നാണ്!
അങ്ങനെയെങ്കിൽ ഒന്നുമില്ലായ്മ വീണ്ടും ഉണ്ടാകാം. ഇതും നമ്മെ
വിസ്മയഭരിതരാക്കുന്നില്ലേ?
ഇംഗ്ലീഷ് സിനിമകൾ പലതരമുണ്ട്. ഇടക്ക്
നല്ല സയൻസ് ഫിക്ഷൻ സിനിമകളും ഉണ്ടാവാറുണ്ട്. “Men in Black” അത്തരത്തിൽ ഉള്ള നല്ല ഒരു സിനിമയാണ്. ആ സിനിമയിൽ മറ്റൊരു ഗ്യാലക്സിയിൽ നിന്ന്
ഒരാൾ ഭൂമിയിൽ വരുന്നുണ്ട്. അദ്ദേഹം ആ ഗ്യാലക്സിയുടെ രാജാവായിരുന്നു, ഇപ്പോൾ പ്രപഞ്ചത്തിൽ ആ ഗ്യാലക്സി കാണാനില്ല, അദ്ദേഹം തന്റെ ഗ്യാലക്സി തേടി ഇറങ്ങിയതാണ്. അവസാനം അദ്ദേഹം
അത് കണ്ടെത്തുന്നത് ഒരു വളർത്തു പൂച്ചയുടെ കഴുത്തിൽ കെട്ടിയിട്ടിരുന്ന ഒരു
വജ്രത്തിനുള്ളിലാണ്. ക്വാണ്ടം ഭൗതികശാസ്ത്രത്തിൽ തോത് (scale) അപ്രസക്തമാണ്.
അതായത് 10 ന്റെ 37 ആം അധികാരവും -37 ആം അധികാരവും
സമമാകുന്നു (10 to the power of 37 = 10 to the power of -37). അപ്പോൾ സിനിമയിൽ പറയുന്ന അവസ്ഥ സാദ്ധ്യമാണ് എന്ന് വരുന്നു.
ഇത് നമ്മെ വിസ്മയിപ്പിക്കുന്നില്ലേ?
ആണവ പ്രവർത്തനങ്ങൾ നടക്കുമ്പോൾ
ന്യൂട്രിനോകൾ ഉണ്ടാകുന്നു. പണ്ടൊക്കെ അവ തരംഗങ്ങൾ ആണെന്നാണ് കരുതിയിരുന്നത്.
എന്നാൽ അവക്ക് കണികാ സ്വഭാവവും ഉണ്ടെന്ന് ഇന്ന് നമുക്കറിയാം. സൂര്യനിൽ നിന്ന്
നിരന്തരം ന്യൂട്രിനോകൾ സൗരയൂഥമാകെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഒരു സെക്കൻഡിൽ ഇത്തരം
10 മില്യൺ ന്യൂട്രിനോകളെങ്കിലും നമ്മുടെ ശരീരത്തിലൂടെ
നാമറിയാതെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. ഇത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ലേ?
എങ്ങിനെയാണ് നക്ഷത്രങ്ങൾ
ഇല്ലാതാകുന്നത്? ദ്രവ്യം (matter) പോലെ തന്നെ പ്രതി ദ്രവ്യവും (dark or anti
matter) ഉണ്ട് എന്ന് കരുതപ്പെടുന്നു. അതുപോലെ
ഊർജ്ജവും പ്രതി ഊർജ്ജവും (dark energy) നിലനിൽക്കുന്നുണ്ടത്രേ.
പ്രപഞ്ചത്തിൽ ശൂന്യ ഇടങ്ങൾ ഉണ്ടാവാം എന്ന് പറഞ്ഞല്ലോ. അത് പോലെ കണങ്ങളും (particle) പ്രതി കണങ്ങളും (anti particle) നിലനിൽക്കുന്നു.
എന്നാൽ ലോകം കണങ്ങൾ മാത്രം നിറഞ്ഞതാണത്രേ, പ്രതി കണങ്ങൾ
ഇവിടെ പൊതുവെ കാണപ്പെടുന്നില്ല. എന്തുകൊണ്ട് ലോകം പ്രതി ദ്രവ്യത്താൽ (dark matter) സംവിധാനിക്കപ്പെട്ടില്ല? ശാസ്ത്രത്തിന്
ഇനിയും എന്തെല്ലാം കണ്ടെത്താനുണ്ട്.
ജീവൻ ഭൂമിയിൽ ഉണ്ടായതാണോ? അതോ, ജീവൻ ഭൂമിക്ക്
വെളിയിൽ നിന്ന് ഇവിടെ എത്തിച്ചേർന്നതാണോ? ജീവൻ
ആകസ്മികമായി ഉണ്ടായതാണോ? അതോ ജീവൻ ഒരു കാരണം
കൊണ്ട് നിലനിൽക്കുന്നതാണോ? നമ്മുടെ കോശങ്ങളിൽ RNA (ribonucleic
acid), DNA (deoxyribonucleic acid) എന്നിവ ഉണ്ട് എന്ന്
നമുക്കറിയാം. അതുപോലെ ATP (Adenosine Tri Phosphate) എന്നൊരു ഘടകവും കോശങ്ങളിൽ ഉണ്ട്. ഇവ കോശങ്ങളിലെ ഊർജ്ജ സംഭരണികൾ ആയാണ്
അറിയപ്പെടുന്നത്. ഭൂമിക്ക് വെളിയിൽ പലയിടത്തും ATP യുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം അറിവുകൾ ആസ്ട്രോ ബയോളജി (Astro Biology) എന്നൊരു ശാസ്ത്ര ശാഖക്ക് തന്നെ ജന്മം കൊടുത്തിരിക്കുന്നു.
അറിവ് നമ്മെ വിസ്മയിപ്പിക്കുകയും
കൂടുതൽ അറിവ് നേടാനുള്ള ആഗ്രഹം നമ്മിൽ ജനിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കണം. നാം ഇടപെടുന്ന മേഖലകളിലെല്ലാം ഒളിഞ്ഞിരിക്കുന്ന അതിശയങ്ങൾ
കണ്ടെത്താനും, അതിൽ വിസ്മയിക്കാനും
നാം ശ്രമിക്കണം. അറിവ് കൂടുന്തോറും കൂടുതൽ അത്ഭുതപ്പെടുന്നവരും അറിവന്വേഷികളും ആയി
നാം മാറണം. അതിശയിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം!
NB: ശാസ്ത്ര തള്ള് science reel മത്സര വിജയികൾക്കും പങ്കെടുത്തവർക്കും ഡോ. എസ് സോമനാഥ്, തന്റെ പ്രസംഗത്തിന് ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡോ. ഗീത (VSSC ഗവേഷണ വിഭാഗം, മുൻ മേധാവി)
ശാസ്ത്രം ആയിരക്കണക്കിന്
സിദ്ധാന്തങ്ങൾ മുന്നോട്ടു വയ്ക്കുകയും അവയെ തെളിയിക്കാൻ ശ്രമിക്കുകയും
ചെയ്തുകൊണ്ടിരിക്കുന്നു. എന്നാലും പ്രപഞ്ച സത്യത്തിന്റെ 0.1 ശതമാനം പോലും ഇതുവരെ അനാവരണം ചെയ്യപ്പെട്ടിട്ടില്ല.
അതുകൊണ്ട് ചോദ്യങ്ങൾ ചോദിക്കുക, ചോദ്യങ്ങൾ
ചോദിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
സാങ്കേതിക വിദ്യ എന്നാൽ ശാസ്ത്രം
എങ്ങിനെ ഉപയോഗ്യമാക്കാം എന്നതാണ്. ഗതാഗതം, വിദ്യാഭ്യാസം, എന്നുവേണ്ട സർവ്വ മേഖലകളിലും ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ
സാങ്കേതിക വിദ്യയായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പക്ഷെ, ശാസ്ത്രവും സാങ്കേതിക വിദ്യയും രണ്ടാണ്. ശാസ്ത്ര തത്വങ്ങൾ
ഉപയോഗപ്പെടുത്തിയാണ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നത്.
ലക്ഷ്യങ്ങൾ തീരുമാനിക്കുകയും, അതിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുക. എപ്പോഴും
പഠിച്ചുകൊണ്ടിരിക്കുക.
ശ്രീ. സാജൻ, ശാസ്ത്ര സാഹിത്യ പരിഷത്ത്, LUCA
പണ്ട്, പരിഷത്ത് 1960 കളിൽ 100 ചോദ്യങ്ങൾക്ക് ഒരു
മാസം കൊണ്ട് ഉത്തരം കണ്ടെത്താൻ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. എന്റെ
കുട്ടിക്കാലത്ത് അതിനുവേണ്ടി ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിച്ചിരുന്നു. ഇന്ന് ഈ
നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ ഉത്തരങ്ങൾ കണ്ടെത്തുക അത്ര പാടുള്ള കാര്യമല്ല.
എന്നാൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ കണ്ടെത്തുക വളരെ രസകരമായ ഒരു
വെല്ലുവിളിയായിരിക്കും.
പരിഷത്ത് ഉത്തരം കണ്ടെത്താൻ
പ്രയാസമുള്ള 100 ചോദ്യങ്ങൾ കണ്ടെത്താൻ ആഹ്വാനം
ചെയ്യുകയാണ്. അതിനാൽ, ഉത്തരം കണ്ടെത്താൻ
കഴിയാത്ത 10 ചോദ്യങ്ങൾ കണ്ടെത്താൻ ശാസ്ത്രവേദിയെ
ഞങ്ങൾ ഒരു പന്തയത്തിന് ക്ഷണിക്കുന്നു.
1973 ൽ പ്രസിദ്ധീകരിക്കപ്പെട്ട ജേക്കബ്
ബ്രോനൗസ്കി (Jacob Bronowski) യുടെ "The Ascent of
Man" എന്ന പുസ്തകത്തിൽ രസകരമായ ഒരു
വാചകമുണ്ട്: "That is the essence of science: ask an impertinent
question, and you are on the way to a pertinent answer". അതായത്, തികച്ചും
അപ്രസക്തങ്ങളായ ചോദ്യങ്ങളാണ് നമ്മെ വളരെ പ്രസക്തങ്ങളായ ഉത്തരങ്ങളിലേക്ക്
എത്തിക്കുന്നത്!
ശാസ്ത്രത്തിന്റെ സാമൂഹിക മേഖലയിലെ
ധർമ്മത്തെക്കുറിച്ച് ജെ ഡി ബെർനാൽ (J.D. Bernal) തുടങ്ങിയ പ്രമുഖർ വളരെ പണ്ട് തന്നെ നമ്മെ ബോധവാന്മാരാക്കിയിട്ടുണ്ട്. 1959 ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉത്ഭവം തന്നെ ഇത്തരം
ചിന്തകളിൽ നിന്നാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും, സമൂഹത്തിൽ എങ്ങിനെ പ്രവർത്തിക്കണം എന്നത് നാം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്.
ശാസ്ത്ര ബോധം (scientific
temper) ഒരു സമൂഹത്തിന്റെ ഉന്നമനത്തിന്
എത്രത്തോളം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ ക്രാന്ത ദർശികളിൽ അഗ്രഗണ്യനാണ് നമ്മുടെ
ആദ്യ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര മുന്നണി പോരാളിയും രാഷ്ട്ര ശില്പിയുമായ
ജവഹർ ലാൽ നെഹ്‌റു. ശാസ്ത്ര ബോധം കെടാതെ സൂക്ഷിക്കാൻ എല്ലാവരും മുന്നോട്ടു വരിക.
ശാസ്ത്രവേദിയോടൊപ്പം അതിനുവേണ്ടി പ്രവർത്തിക്കാൻ പരിഷത്തും ഉണ്ടാകും, ആശംസകൾ.
പ്രൊഫ. കുര്യൻ ഐസക്, BSS
(Breakthrough Science Society)
BSS അഖിലേന്ത്യാ തലത്തിൽ 30 വർഷത്തോളമായി പ്രവർത്തിച്ചു വരുന്നു. കേരളത്തിലും എല്ലാ
ജില്ലകളിലും ഞങ്ങളുടെ സംഘടന പ്രവർത്തിക്കുന്നുണ്ട്. മാനവികതക്കും സമൂഹത്തിനും
ശാസ്ത്രം ഉപയോഗപ്പെടുത്തുക, ശാസ്ത്രീയ ചിന്ത
വളർത്തുക എന്നീ ലക്ഷ്യങ്ങളാണ് ഞങ്ങൾക്കുള്ളത്. ശാസ്ത്രവേദിയുടെ പ്രവർത്തനങ്ങൾക്ക്
ഭാവുകങ്ങൾ, നമുക്ക് ഒരുമിച്ച് ഈ
ലക്ഷ്യങ്ങളാക്കായി പ്രവർത്തിക്കാം.
ശാസ്ത്രവേദി ഈ അടുത്ത നടത്തിയ ശാസ്ത്ര
തള്ള് science
reel മത്സരങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. കുട്ടികൾ
ഇതിനായി ശ്രമിക്കുന്ന സമയത്ത് അവർക്ക് ഒരുപാട് പുതിയ ചോദ്യങ്ങൾ മനസ്സിൽ
ഉണ്ടായിട്ടുണ്ടാവും. ശാസ്ത്രവേദി ആ ചോദ്യങ്ങൾ ശേഖരിക്കുകയും അവക്ക് ഉത്തരം
കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നത് കൂടി നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു.
അടുത്ത തവണ മത്സരത്തിൽ ഈ നിർദ്ദേശം കൂടി പരിഗണിക്കുക.
ശാസ്ത്രവേദി സംസ്ഥാന സമ്മേളനം 2025: ഏപ്രിൽ 25 - 26,ലെനിൻ ബലവാടി, തിരുവനന്തപുരം.
